ഉള്ളൂർ: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഏഴു വയസുകാരൻ ലോകിനേനി യാഷ്വന്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ട് എത്തിച്ചു.
ആരോഗ്യമന്ത്രി കെ. മുരളീധരന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശ പ്രകാരം പോലീസ് പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് വൃക്ക കൃത്യസമയത്ത് കോഴിക്കോട് എത്തിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് രാവിലെ 11.19ന് ആംബുലൻസിൽ പുറപ്പെട്ട വൃക്ക വൈകുന്നേരം 5.15 ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തി. ഇവിടെ ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ 17 കാരനാണ് വൃക്ക സ്വീകരിക്കുന്നത്. ഹൈദരാബാദ് തിരുമലഗിരി ജില്ലയിൽ യദമ്മ നഗർ സ്വദേശികളായ ലോകിനേനി രഘുവിന്റെയും സൗമ്യ പാപ്പറാവുവിന്റെയും മകനാണ് യാഷ്വൻ.
കഴിഞ്ഞ ജൂൺ 29ന് രാത്രി ഏഴുമണിയോടെ അനുവിജയ് ടൗൺഷിപ്പിൽ വച്ച് സൈക്കിളിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ യാഷ്വനെ ഒരു ആംബുലൻസ് ഇടിക്കുകയായിരുന്ന് ചികിൽസയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗത്തിലും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
യാഷ്വന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നീ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. രണ്ടാമത്തെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കോട്ടയം വിജയപുരം സ്വദേശിനിയായ നാല് വയസുള്ള പെൺകുട്ടിക്കാണ് നൽകുന്നത്. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 17 വയസുള്ള കൊല്ലം കല്ലുവാതുൽക്കൽ സ്വദേശിനിയാണ് സ്വീകരിച്ചത്.
ഹൃദയവാൽവ് ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് കൈമാറിയത്.